എറിക് ആഡംസ് | PHOTO: WIKKI COMMONS
ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടതായി സഹപ്രവര്‍ത്തക
ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടതായി മുന്‍ സഹപ്രവര്‍ത്തക. 1993 ല്‍ ട്രാന്‍സിറ്റ് പൊലീസ് ബ്യൂറോയില്‍ തന്റെ സഹപ്രവര്‍ത്തകനായിരുന്ന എറിക് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് മാന്‍ഹാട്ടനിലെ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് കോടതിയില്‍ തിങ്കളാഴ്ചയാണ് മുന്‍ ജീവനക്കാരി ലോര്‍ണ ബീച്ച് മദുര പരാതി നല്‍കുന്നത്. അന്നത്തെ ട്രാന്‍സിറ്റ് ഓഫീസറായിരുന്ന ആഡംസ് തന്റെ കരിയറിന് വേണ്ട സഹായങ്ങള്‍ ചെയ്യാമെന്ന് വാഗ്ദാനം നല്‍കിയതായും ഇതിനെക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേന വീട്ടിലേക്ക് കൊണ്ടുപോകുന്നത് വഴി കാറില്‍ വച്ച് ആക്രമിച്ചുവെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു. ആരോപണങ്ങള്‍ ആഡംസ് നിഷേധിച്ചതായാണ് റിപ്പോര്‍ട്ട്.
പ്രമോഷന്‍ ലഭിക്കാന്‍ ഇവരെ സഹായിക്കുമെന്ന് പറഞ്ഞ് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ലോര്‍ണ ആരോപിക്കുന്നു. ജോലിയില്‍ ഉണ്ടായ സ്ഥാനമാറ്റത്തിനും സീനിയര്‍ പദവി നഷ്ടപ്പെട്ടതിലും എറിക് ആഡംസിന് പങ്കുണ്ടെന്നും ഇവര്‍ പറഞ്ഞു. ന്യൂയോര്‍ക്കിലെ അഡള്‍ട്ട് ലര്‍വൈവേഴ്‌സ് ആക്ട് പ്രകാരമാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ദീര്‍ഘകാലം മുമ്പ് നടന്ന ലൈംഗികാതിക്രമത്തിനുമേല്‍ കേസെടുക്കാന്‍ ഈ ആക്ട് പ്രകാരം സാധിക്കും. കുറ്റം ആരോപിച്ച സ്ത്രീയെ അറിയില്ലെന്ന് ആരോപണങ്ങളെ പൂര്‍ണമായും നിഷേധിച്ചുകൊണ്ട് ആഡംസ് പറഞ്ഞു.
ലോര്‍ണ ബീച്ച് മദുര 1980 ല്‍ എന്‍വൈപിഡി യുടെ ട്രാന്‍സിറ്റ് ബ്യൂറോയില്‍ പൊലീസ് അഡ്മിനിസ്‌ട്രേറ്റീവ് എയ്ഡായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെന്നും 1981 മുതല്‍ 1986 വരെ ജോലി ചെയ്തിരുന്ന കോണി ഐലന്‍ഡിലെ ഡിസ്ട്രിക്റ്റ് 34 ലേക്ക് നിയമനം ലഭിച്ചുവെന്നും കോടതി രേഖകളില്‍ പറയുന്നു. സ്ഥാനമാറ്റം ഉണ്ടായപ്പോള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ തൊഴില്‍ രംഗത്ത് നേരിട്ടുവെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.